ഉപരിപഠനത്തിനായി വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ഇന്റര്‍നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്റ് ഡവലപ്മെന്റിന് വേണ്ടി നടന്ന പഠനത്തിൽ കേരളത്തിൽ നിന്നുമുള്ള വിദ്യാർഥി കുടിയേറ്റത്തില്‍ ഒന്നാം സ്ഥാനം എറണാകുളത്തിനാണ്. തൃശൂര്‍ ജില്ലയാണ് രണ്ടാം സ്ഥാനത്ത്. കോട്ടയം മൂന്നാമതെത്തി. ഏറ്റവും കുറവ് വയനാട്ടില്‍ നിന്നാണ്. എറണാകുളം ജില്ലയില്‍ നിന്ന് 43,990 പേര് വിദേശ രാജ്യങ്ങളിലെ പഠത്തിനായി പോയെന്നാണ് 2023 ലെ സാംപിള്‍ സര്‍വേയില്‍ കണ്ടെത്തിയത്.
വിവിധ ജില്ലകളില്‍ നിന്നായി പഠനത്തിനായി വിദേശരാജ്യങ്ങളിലേക്ക് പോയത് രണ്ടര ലക്ഷം പേരാണെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ ജില്ലകളില്‍ നിന്നുള്ള കണക്കുകള്‍ ഇങ്ങനെ: തിരുവനന്തപുരം: 4,887, കൊല്ലം: 21,607, പത്തനംതിട്ട: 10,466, ആലപ്പുഴ: 14,217, കോട്ടയം: 35,382, ഇടുക്കി: 6,946, എറണാകുളം: 43,990, തൃശൂര്‍: 35,873, പാലക്കാട്: 13,692, മലപ്പുറം:15,310, കോഴിക്കോട്: 15,980, വയനാട്: 3,570, കണ്ണൂര്‍: 23,512, കാസര്‍കോഡ്: 4,391. മൊത്തം വിദ്യാര്‍ത്ഥി കുടിയേറ്റത്തില്‍ 18.1 ശതമാനമാണ് എറണാകുളത്തു നിന്നുള്ളത്. വിദേശ പഠനത്തിനായി പോകുന്നവരില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഏതാണ്ട് ഒപ്പമാണ്. 54.4 ശതമാനമാണ് ആണ്‍കുട്ടികള്‍. പെണ്‍കുട്ടികള്‍ 45.6 ശതമാനമുണ്ട്. ജോലിക്കായി വിദേശ രാജ്യങ്ങളില്‍ പോകുന്നരില് 80 ശതമാനവും പുരുഷന്മാരാണെന്നിരിക്കെ, പഠനത്തിനായി പോകുന്നരില് 45.6 ശതമാനം പെണ്‍കുട്ടികളാണെന്നത് കുടിയേറ്റത്തിന്റെ ഭാവിയില്‍ വരുത്താവുന്ന മാറ്റത്തിന്റെ സൂചനകളാണെന്ന് പഠനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
പോയ വർഷം വിദേശ പഠനത്തിനായി വിദ്യാര്‍ഥികൾ കൂടുതല്‍ തെരഞ്ഞെടുത്ത രാജ്യങ്ങൾ യു.കെ.യും കാനഡയുമാണ്. രണ്ടാം സ്ഥാനത്താണ് കാനഡ. ഗള്‍ഫ് രാജ്യങ്ങളാണ് മൂന്നാം സ്ഥാനത്ത്.