വിദേശ വിദ്യാഭ്യാസം ഏറ്റവും സ്വീകര്യമാകുന്നത് അവയുടെ നിലവാരവും അടിസ്ഥാന സൗകര്യങ്ങളും കൊണ്ടു തന്നെയാണ്. തികച്ചും വ്യത്യസ്തമായ അത്യാധുനിക പഠനരീതികളാണ് വിദേശയൂണിവേഴ്സിറ്റികൾ പിന്തുടരുന്നത്. പരിശീലനം നേടാനുള്ള സൗകര്യങ്ങൾ മികവുറ്റതാണെന്നതിനൊപ്പം ലോകപ്രശസ്തരായ അധ്യാപകർ നേരിട്ടു നൽകുന്ന പരിശീലനം, സ്വന്തമായി കാര്യങ്ങൾ കൈകാര്യം ചെയ്തു ശീലിക്കുന്നതിലൂടെ ലഭിക്കുന്ന കാര്യപ്രാപ്തി, നേതൃഗുണം, ഇംഗ്ലിഷിലും മറ്റു ഭാഷകളിലും പ്രാവീണ്യം നേടാനുള്ള അവസരം, വിപുലമായ സാംസ്കാരിക വിനിമയം, ലോകോത്തര യൂണിവേഴ് സിറ്റിയിൽ നിന്ന് നേടിയെടുത്ത സർട്ടിഫിക്കറ്റ് വ്യക്തിത്വത്തിന് നൽകുന്ന അധിക മൂല്യം, സ്കോളർഷിപ്പുകളിലൂടെയും മറ്റും പഠനത്തിനു ലഭിക്കുന്ന സാമ്പത്തിക പിന്തുണ, പഠിക്കുമ്പോൾ തന്നെ ജോലി ചെയ്യാനും പണം സമ്പാദിക്കാനും ഉള്ള അവസരം തുടങ്ങി ജീവിത നിലവാരത്തെ ആകമാനം ഉയർത്തുന്നതരത്തിലുള്ള സാഹചര്യങ്ങളാണ് വിദേശ വിദ്യാഭ്യാസം നൽകുന്നത്.തൊഴിലിനു പുറമേ വികസിത രാജ്യ ങ്ങളിൽ സ്ഥിരതാമസത്തിനുള്ള സാധ്യത കൂടി അത് തുറന്നുതരുന്നുണ്ട്.
ഉന്നത നിലവാരം പുലർത്തുന്ന വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം തന്നെ ക്യാംപസ് പ്ലേസ്മെന്റ് നൽകുന്നതി നായി വ്യവസായികൾ, സംരംഭകർ, ഗവേഷണസ്ഥാപനങ്ങൾ, പരിശീലനസ്ഥാപനങ്ങൾ എന്നിങ്ങനെ മികച്ച കരിയർ സാധ്യത നൽകുന്ന എല്ലാ ഇടങ്ങളുമായും ബന്ധം സ്ഥാപിച്ചിരിക്കും.
പഠനം നടത്തുന്ന രാജ്യങ്ങളിൽ തന്നെ ഇൻറൺഷിപ്പ് ചെയ്യാനാകുന്നു എന്നതിനാൽ ഏറ്റവും പുതിയ ടെക്നോളജികളുമായുള്ള പരിചയം, വർക്ക് എക്സ്പീരിയൻസ്, ജീവിത -സാംസ്കാരിക സാഹചര്യങ്ങൾ എന്നിവ മുൻപേ തന്നെ വിദ്യാർഥി
കൾക്ക് അറിയാൻ സാധിക്കും.
ഇന്ത്യയിൽ തന്നെ സെറ്റിൽ ചെയ്യണമെന്നുള്ളവർക്കും ഉയർന്ന നിലവാരവും ശമ്പളവും ലഭിക്കുന്ന ജോലി നേടിയെടുക്കാൻ വിദേശഡിഗ്രി സഹായിക്കും.
വിദേശ പഠനം സാംസ്കാരികമായും വിദ്യാഭ്യാസപരമായും വ്യക്തിപരമായും ലോകപൗരനായി സ്വയം മെനഞ്ഞെടുക്കാനുള്ള അവസരമാണ്.