വിദ്യാഭ്യാസ വായ്പകളെക്കൂടാതെ വിദേശ പഠനത്തിന് സാമ്പത്തിക സഹായം നേടിയെടുക്കാനുള്ള വഴി സ്കോളർഷിപ്പുകളാണ്. ഒട്ടുമിക്ക രാജ്യങ്ങളും യൂണിവേഴ്സിറ്റികളും സ്ഥാപനങ്ങളും പഠനമികവ്, വിദ്യാർഥിയുടെ സാമ്പത്തികാവശ്യം എന്നിവ അടിസ്ഥാനമാക്കി വിദേശ വിദ്യാർഥികൾക്ക് സ്കോളർ ഷിപ്പുകൾ നൽകുന്നുണ്ട്. ജർമനി, യു.കെ, സ്വീഡൻ എന്നിവിടങ്ങളിൽ ഗവൺമെന്റ് യോഗ്യതാടിസ്ഥാനത്തിൽ വിദ്യാർഥികൾക്കു നൽകുന്ന സ്കോളർഷിപ്പുകൾ, ട്യൂഷൻ ഫീസ്, ജീവിതച്ചെലവ്, വിമാനയാത്രാ ചെലവ്, താമസച്ചെലവ്, എന്നിവയെല്ലാം ഉൾപ്പെടുന്നതാണ്. വിദ്യാർഥിയുടെ മികവിനെ അടിസ്ഥാനപ്പെടുത്തി പ്രൈവറ്റ് ഫൗണ്ടേഷനുകളും സ്കോളർഷിപ്പുകൾ നൽകുന്നുണ്ട്. സ്കോളർ ഷിപ്പുകൾ പൂർണമായോ ഭാഗികമായോ പഠനച്ചെലവിനെ പിന്തുണയ്ക്കുന്നതാകാം. മാസം നിശ്ചിത തുക ലഭിക്കുന്ന വിധത്തിലായിരിക്കും സ്കോളർഷിപ്പ് നൽകുന്നത്. വിദ്യാർഥിയുടെ പഠനമികവ്, പ്രവൃത്തി പരിചയം, ഭാഷാ പ്രാവീണ്യം, ഗവേഷണങ്ങളോ പ്രബന്ധങ്ങളോ തയ്യാറാക്കിയത് എന്നിവ പരിഗണിച്ചായിരിക്കും സ്കോളർഷിപ്പ് നൽകുന്നത്.
അതതു രാജ്യങ്ങളുടെ സ്കോളർഷിപ്പ് വിവരങ്ങൾ ഇമിഗ്രേഷൻ വെബ്സൈറ്റ് വിദ്യാഭ്യാസസ്ഥാപനത്തിൻ്റെ വെബ് സൈറ്റ് എന്നിവിടങ്ങളിൽ നിന്ന് ഏറെക്കുറേ അറിയാം. വിദേശ സ്കോളർഷിപ്പുകളോടൊപ്പം വിദേശത്ത് പഠിക്കുന്ന മിടുക്കരായ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ വിദ്യാർഥികൾക്കായി പല ഇന്ത്യൻ വ്യക്തിത്വങ്ങളും ഫൗണ്ടേഷനുകളും ട്രസ്റ്റുകളും സ്കോളർഷിപ്പുകളോ ലോൺ സ്കോളർഷിപ്പുകളോ നൽക്കുന്നുണ്ട്.
അത്തരത്തിലുള്ള ഒന്നാണ് ഡോ. മൻമോഹൻ സിങ്, സ്കോളർഷിപ്പ്. ഏറ്റവും മികച്ച വിദേശ ഇന്ത്യൻ വിദ്യാർഥികൾക്ക് കേംബ്രിഡ്ജ് സർവകലാശാലയുടെ കീഴിലുള്ള സെൻറ് ജോൺസ് കോളേജിൽ സയൻസ് ആൻറ് ടെക്നോളജി, ഇക്കണോമിക്സ്, സോഷ്യൽ സയൻസസ് എന്നീ വിഷയങ്ങളിൽ ഡോക്ടറൽ ഡിഗ്രി പഠിക്കുന്നതിനായി നൽകപ്പെടുന്നതാണ് ഈ സ്കോളർഷിപ്പ്. ഇതിൽ അക്കാദമിക് ഫീസ്, വിമാനയാത്ര ചെലവ്, മാസത്തിൽ ലഭിക്കുന്ന സ്റ്റെഫൻഡ്, യു കെ വിസ എന്നിവയുടെ ചെലവുകൾ സമ്പൂർണമായി ഉൾക്കൊള്ളുന്നു.
അത്തരത്തിലുള്ള ഇന്ത്യൻ ഫൗണ്ടേഷൻ ട്രാവൽ ഗ്രാൻറ്സ്, ഇന്ത്യ ഫൗണ്ടേഷൻ സ്കോളർഷിപ്പ്, ഐടിസി സ്കോളർ ഷിപ്പ്, ജവാഹർലാൽ നെഹ്റു മെമ്മോറിയൽ ട്രസ്റ്റ്, ലാൽ ഭായി ദീപത്ത് ഭായി ട്രസ്റ്റ്, മാർഷാൽ ചാറിറ്റബിൾ ഫൗണ്ട ഷൻ, ദ ഓക്സ്ഫോർഡ് ആൻറ് കേംബ്രിഡ്ജ് സൊസൈറ്റി ഓഫ് ഇന്ത്യ, പാർസി സ്റ്റുഡൻറ് സ്കോളർഷിപ്പ്, ഉത്തരപാത ട്രസ്റ്റ്, ശ്രീ ഗുരു ഗോബിന്ദ് സിങ് ഫെല്ലോ ഷിപ്പ് എന്നിവയെല്ലാം വിദേശപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഏറെ ആശ്വാസകരമാണ്.
വിദേശ പഠനം പണച്ചെലവുള്ളതാണ്. പണം മുടക്കാതെ സൗജന്യമായി വിദേശത്തു പഠിക്കാൻ സഹായിക്കുന്ന നിരവധി സ്കോളർഷിപ്പുകളുണ്ട്.
വിദേശപഠനത്തിനു സ്കോളർഷിപ്പുകൾ കിട്ടുന്നത് കൂടുതലായും മാസ്റ്റേഴ്സ് പഠനത്തിനും പി എച്ച്.ഡിക്കുമാണ്. പോസ്റ്റ് ഡോക്ക് ഫെലോഷിപ്പുകളും നിരവധിയുണ്ട്. സ്കോളർഷിപ്പുകൾക്ക് സമയത്തുതന്നെ അപേക്ഷിക്കുകയെന്നതും പ്രധാനമാണ്. പൊതുവേ സെപ്തംബറിലാണ് വിദേശങ്ങളിൽ അദ്ധ്യയനവർഷം ആരംഭിക്കുന്നത്. ചില സ്ഥലങ്ങളിൽ ജനുവരിയിലും.
വിവിധ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളും സ്ഥാപനങ്ങളും ഇന്ത്യൻ വിദ്യാർത്ഥികൾക്കു നൽകുന്ന ചില സുപ്രധാന സ്കോളർഷിപ്പുകളെ പരിചയപ്പെടാം.